Kerala News

അറുപതുകാരിയെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

അറുപതുകാരിയെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിന്റെ വരാന്ത കെട്ടാൻ ശ്രമിച്ചു. പ്രതി ബെന്നി സിമെന്റും സാമഗ്രികളും വാങ്ങാൻ ശ്രമിച്ചതായി കണ്ടെത്തി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ (61) യെയാണ് സഹോദരന്‍ ബെന്നി (63) കൊന്ന് കുഴിച്ചു മൂടിയത്. റോസമ്മയുടെ രണ്ടാം വിവാഹത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിക്കൊപ്പമാണ് റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

17ന് രാത്രിയാണ് റോസമ്മയെ കൊന്നതെന്നാണ് ബെന്നിയുടെ മൊഴി. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിന്‍ഭാഗത്തു കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Related Posts

Leave a Reply