Kerala News

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ ദുരൂഹ മരണം; ആര്യക്ക് ഇ-മെയിലുകള്‍ അയച്ചത് നവീന്‍?

അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ ആര്യക്ക് ലഭിച്ച ഇ-മെയിലുകള്‍ക്ക് പിന്നില്‍ നവീനെന്നാണ് സൂചന. നവീന്റെ കോട്ടയത്തെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.

നവീന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണം അന്ധവിശ്വാസത്തെ തുടര്‍ന്നാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. ഡോണ്‍ബോസ്‌കോ എന്ന പേരില്‍ ആര്യക്ക് ഇ-മെയില്‍ അയച്ചത് നവീനെന്നാണ് വിവരം. നവീന്റെ കാറില്‍ നിന്ന് കത്തികളും അന്യഗ്രഹ ജീവിയുടെ ചിത്രങ്ങളും ക്രിസ്റ്റലുകളും കണ്ടെടുത്തു. ആര്യക്ക് വന്ന ഇ-മെയിലിലും ഇവയേക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതോടെയാണ് മെയിലുകള്‍ അയച്ചത് നവീന്‍ തന്നെയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. അരുണാചല്‍ യാത്രക്ക് മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച കാറിലാണ് തെളിവുകളുള്ളത്.

മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് നവീനിന്റെയും ദേവിയുടെയും ആര്യയുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവര്‍ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും. ആന്‍ഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്. മരിച്ചവരുടെ ലാപ്‌ടോപ്പും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനു മുന്‍പ് ഇവര്‍ ഓണ്‍ലൈന്‍ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

Related Posts

Leave a Reply