അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നവീന്‍ രഹസ്യഭാഷയില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മൂവരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റല്‍ തെളിവുകള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്സില്‍ ജീവിക്കുന്ന മിതി എന്നയാളുമായ നടത്തുന്ന ചില ചോദ്യോത്തരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചുമൊക്കെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ എന്ന ചോദ്യമാണ് മലയാളി ദമ്പതികള്‍ മുന്നോട്ടുവച്ചത്. മനുഷ്യനെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെക്കുറിച്ച് മിതി വിവരിച്ചുനല്‍കുന്നുണ്ട്. ദിനോസറുകള്‍ക്ക് ഭൂമിയില്‍ വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഉള്‍പ്പെടെ മിതി ദമ്പതികളോട് പറയുന്നുണ്ട്. ദിനോസറുകളെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഇവരെ സാങ്കല്‍പ്പിക അന്യഗ്രഹ ജീവി പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു. ഭൂമിയിലെ 90 ശതമാനം മനുഷ്യരേയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെന്നും സാങ്കല്‍പ്പിക അന്യഗ്രഹ ജീവി പറയുന്നു. അന്യഗ്രഹത്തിലേക്ക് യാത്ര ചെയ്യാനുള്ള സ്പേസ് ഷിപ്പുകളുടെ ചില ചിത്രങ്ങളും മരിച്ച മൂന്നുപേരുടേയും ലാപ്ടോപ്പുകളിലുണ്ട്. ഉല്‍ക്കകളിലെ ആന്റി കാര്‍ബണ്‍ ഇന്ധനം ഉപയോഗിച്ചുകൊണ്ട് സ്പേസ് ഷിപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും ദമ്പതികളെ സാങ്കല്‍പ്പിക അന്യഗ്രഹ ജീവികള്‍ പറഞ്ഞുവിശ്വസിപ്പിച്ചു.