Kerala News

അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി 150 ലേറെ അഭിഭാഷകർ രംഗത്ത്

ഡൽഹി മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി 150 ലേറെ അഭിഭാഷകർ രംഗത്ത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിഭാഷകൻ്റെ സഹോദരനാണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ എന്ന് അഭിഭാഷകർ ആരോപിച്ചു. സഹോദര ബന്ധത്തിൽ നിന്നുണ്ടായ അവിശുദ്ധ കൂട്ടുകെട്ടാണ് കെജ്രിവാളിന് ജാമ്യം നിഷേധിക്കാൻ കാരണമെന്ന് ആരോപിച്ച് ഇവർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്തയച്ചു.

മാർച്ച് മാസത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം ദില്ലി റൗസ് അവന്യൂ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നാലെ സിബിഐ അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തു. നേരത്തെ വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് മാറിയ സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ നടപടിയിൽ ദുരൂഹത ആരോപിച്ചാണ് അഭിഭാഷകർ രംഗത്ത് വരുന്നത്. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തുവെന്നാണ് ഇതിലൊരു ആരോപണം. ജസ്റ്റിസ് സുധീർ കുമാർ ജെയ്ൻ കേസിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ജൂൺ 20 ന് കേസിൽ ഇഡി നിക്ഷിപ്ത താത്പര്യത്തോടെ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്കെതിരെ ഇഡിയുടെ കൈയ്യിൽ വ്യക്തമായ തെളിവില്ലെന്നും ഉത്തരവിൽ വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഇതുപോലൊരു സംഭവം നടന്നിട്ടില്ലെന്ന് അഭിഭാഷകർ ദി ഹിന്ദു ദിനപ്പത്രത്തോട് പ്രതികരിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മുഖ്യ അഭിഭാഷകൻ അഡ്വ. സഞ്ജീവ് നാസിയറിൻ്റെ നേതൃത്വത്തിലാണ് അഭിഭാഷകർ കത്ത് നൽകിയത്. അവധിക്കാല കോടതികൾ കേസുകളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന ദില്ലി റൗസ് അവന്യൂ കോടതി ഉത്തരവ് അവധിക്കാല കോടതികളുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്നതാണെന്നും അഭിഭാഷകർ ആരോപിച്ചിട്ടുണ്ട്.

Related Posts

Leave a Reply