ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ഉത്തർപ്രദേശ് അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന ഡെവലപ്പർമാരിൽ നിന്നാണ് വസ്തു വാങ്ങിയത്. വസ്തുവില്‍ ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതായും പ്ലോട്ടിന് 14.5 കോടി രൂപ വില വരുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
‘എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യ. ആ നഗരത്തില്‍ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയോധ്യയുടെ ആത്മാവിലേക്കുള്ള ഒരു ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ കാത്തിരിക്കുകയാണ്’, എന്നാണ് തന്റെ നിക്ഷേപത്തെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞത്.ഈ പ്രോജക്ടിൽ നിക്ഷേപിക്കുന്ന ആദ്യ വ്യക്തിയാണ് അമിതാഭ് ബച്ചനെന്നും ആദ്യ പൗരനായി വരവേൽക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ചെയർമാൻ അഭിനന്ദൻ ലോധ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് ദൂരവും എയർപോർട്ടിൽ നിന്ന് അറ് മണിക്കൂർ ദൂരവുമാണ് ഈ വസ്തുവിലേക്കുള്ളത്. ജനുവരി 22-നാണ് ഔദ്യോഗികമായ ലോഞ്ച് നടക്കുക. ഈ പദ്ധതി 2028 മാർച്ചോടെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെവലപ്പർമാർ അറിയിച്ചു. അമിതാഭ് ബച്ചന്റെ ജന്മസ്ഥലമായ പ്രയാഗ്‌രാജിലേക്ക് (നേരത്തെ അലഹബാദ്) അയോധ്യയിൽ നിന്ന് നാല് മണിക്കൂർ യാത്രയുണ്ട്.