കോഴിക്കോട്: അയല്‍വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂത്തേടത്തുകുഴി നാരായണിയമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കില്‍ രണ്ട് പേര് എത്തുകയായിരുന്നു. കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല സംഘം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഈ ശ്രമത്തിനിടെ നാരായണിയമ്മ നിലത്ത് വീണു. വീണു കിടന്ന ഇവരുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ വീണ്ടും സംഘം ശ്രമിച്ചു. എന്നാല്‍ കരഞ്ഞ് ബഹളമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയുമായിരുന്നു. മാലയുടെ കൊളുത്തും ലോക്കറ്റും നഷ്ടമായി.
വീഴ്ചയുടെ ആഘാതത്തില്‍ ഇവരുടെ മുഖത്തും കാലിലും നിസ്സാര പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.