ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയിൽ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികൾ. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടായത്.
ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുൻവശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തിൽപ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തിൽ ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. വെള്ളക്കെട്ടുണ്ടായ റോഡിലെ കുഴിയിൽ വാഹനം വീണു. വീഴ്ചയിൽ ഇരുവരും റോഡിൻറെ നടുവിലേക്ക് മറിഞ്ഞുവീണെങ്കിലും മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നൗഷാദിന് കാലിനും നെഞ്ചിനും മുഖത്തും പരിക്കേറ്റു. സുനിതയുടെ കൈപ്പത്തിയോട് ചേർന്ന് എല്ലിന് പൊട്ടലുണ്ട്.
