Kerala News

അധ്യാപികയെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി; ബംഗളൂരുവില്‍ യുവതിയെ ജീവനോടെ കുഴിച്ചിട്ടു

ബംഗളൂരുവില്‍ യുവതിയെ ജീവനോടെ കുഴിച്ചിട്ടു. യോഗാ അധ്യാപികയായ യുവതിയെയാണ് ജീവനോടെ കുഴിച്ചിട്ടത്. യുവതിയ്ക്ക് ശ്വസന നിയന്ത്രണം വശമുള്ളതിനാല്‍ ജീവനോടെ രക്ഷപ്പെട്ടു. യോഗാ അധ്യാപികയ്ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മറ്റൊരു യുവതി നല്‍കിയ ക്വട്ടേഷനാണ് ക്രൂരകൃത്യത്തിന് പിന്നില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതി അടക്കം 5 പേര്‍ അറസ്റ്റിലായി.

ബിന്ദുവെന്ന യുവതിക്ക് തന്റെ ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് സംശയം ഉണ്ടായിരുന്നു. യോഗാ ടീച്ചറായ ആ യുവതിയെക്കുറിച്ച് അന്വേഷിക്കാന്‍ ബിന്ദു ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജന്റിനെ ചുമതലപ്പെടുത്തി. ഡിറ്റക്ടീവ് ഏജന്റ് യോഗ പഠിക്കാനെന്ന വ്യാജേനെ യുവതിയുമായി പരിചയപ്പെട്ടു. മൂന്ന് മാസത്തോളം പരിചയം നിലനിര്‍ത്തി സൗഹൃദത്തിലായി. തുടര്‍ന്ന് തന്നെ ക്വട്ടേഷന്‍ ഏല്‍പിച്ച യുവതി പറഞ്ഞതനുസരിച്ച് യോഗാ അധ്യാപികയെ കാറില്‍ കയറ്റി ആരും ഇല്ലാത്ത ഇടത്ത് എത്തിച്ചു. ടീച്ചറുമായി വരുന്ന വഴിയില്‍ ക്വട്ടേഷന്‍ നല്‍കിയ ബിന്ദുവിനെയും തന്റെ മറ്റ് സംഘാംങ്ങളെയും സുഹൃത്തുക്കളെന്ന വ്യാജേനെ കാറില്‍ കയറ്റി. കാര്‍ ആള്‍പാര്‍പ്പില്ലാത്ത ഇടത്ത് എത്തിച്ച് യോഗ അധ്യാപികയെ ക്രൂരമായി മര്‍ദിച്ചു. കേബിള്‍ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കിബോധം പോയ അധ്യാപിക മരിച്ചെന്ന് സംഘം തെറ്റിധരിച്ചു.

ഇടയില്‍ ബോധം തിരിച്ച് കിട്ടിയെങ്കിലും ഇവര്‍ക്ക് മുന്നില്‍ അധ്യാപിക മരിച്ചത് പോലെ തന്നെ ശ്വാസം നിയന്ത്രിച്ച് കിടന്നു. ഉടനടി പരിഭ്രാന്തരായ അക്രമി സംഘം സമീപത്തെ ഒരു ചെറിയ കുഴിയില്‍ അല്‍പം മാത്രം മണ്ണിട്ട് മൂടി ഉടനടി സ്ഥലം വിട്ടു. തിരിച്ചുവന്ന് ആയുധങ്ങളുമായെത്തി വലിയ കുഴിയെടുത്ത് കുഴിച്ചിടാനായാണ് വേഗം മടങ്ങിയത്. ശ്വസന നിയന്ത്രണം ഉള്ളതിനാല്‍ മാത്രം യുവതി സംഘം പോയ ഉടന്‍ രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 5 പേരും പിടിയിലായി.

Related Posts

Leave a Reply