അടുത്ത പാർലമെന്റ് സമ്മേളനസമയത്ത് വനിതാ സംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് ബിആർഎസ് നേതാവ് കെ കവിത 47 രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചു. കോൺഗ്രസ്, ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കാണ് അവർ കത്തയച്ചത്. ഓരോ പാർട്ടിയുടെയും നേതാക്കളെ പ്രത്യേകം അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ബിൽ പാസാക്കുന്നതിന് മുൻഗണന നൽകണമെന്ന് കെ കവിത ആവശ്യപ്പെട്ടു. സ്ത്രീ പാതിനിധ്യം വർധിക്കുന്നത് കൂടുതൽ തുല്യവും സന്തുലിതവുമായ രാഷ്ട്രീയ സാഹചര്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗമാണെന്നും കെ കവിത ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കത്തിൽ കവിത അടിവരയിട്ടു പറയുന്നു. തെലങ്കാനയിൽ നിന്നുള്ള എംഎൽഎയായ കെ കവിത മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയാണ്. രാജ്യത്ത് പൊതുജീവിതത്തിൽ സജീവമായ 14 ലക്ഷം സ്ത്രീകളെക്കുറിച്ചും കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഫലപ്രദമായി നയിക്കാനും ഭരിക്കാനുമുള്ള അവരുടെ കഴിവിനെയാണ് ഇത് കാണിക്കുന്നതെന്നും അവർ കത്തിൽ കൂട്ടിച്ചേർത്തു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീപ്രാതിനിധ്യം 33 ശതമാനമാക്കാനുള്ള വനിതാ സംവരണ ബില്ല് പാസാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന നേതാവ് കൂടിയാണ് കവിത. പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനും പാസാക്കാനും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാർച്ചിൽ അവർ നിരാഹാര സമരം നടത്തിയിരുന്നു. ഇന്ത്യയിലുടനീളമുള്ള രാഷ്ട്രീയ പാർട്ടികളോടും മറ്റ് സംഘടനകളോടും ഇത് സംബന്ധിച്ച നിയമനിർമാണത്തിനുള്ള ആവശ്യം ശക്തമാക്കാൻ അവർ ഇടപെടൽ നടത്തിയിരുന്നു. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നത്.