ആലപ്പുഴ എസ്എൽ പുരത്ത് എൽ.ഡി.എഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയില്ലെന്നാരോപിച്ച് KSEB ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ദിച്ചതായി പരാതി. മർദ്ദമേറ്റ ആലപ്പുഴ എസ്.എൽ പുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.രാജേഷ് മോൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വൈകിട്ട് മൂന്ന് മണിയോടെയാണ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ അംഗങ്ങളായ സബ് എൻജിനീയർ, ഓവർസിയർ, ലൈൻമാൻ തുടങ്ങി നാലുപേർ സംഘം ചേർന്ന് രാജേഷ്‌മോനെ ഓഫീസിൽ കയറി മർദ്ദിച്ചത്. കെ.എസ്.ഇ.ബി കലവൂർ സെക്ഷനിലെ സബ് എൻജിനീയർ ഉൾപ്പടെ പതിനേഴോളം ജീവനക്കാരാണ് കുടുംബസംഗമത്തിൽ പങ്കെടുക്കാൻ അവധിക്കുള്ള അപേക്ഷ സെക്ഷൻ എ.ഇക്ക് നൽകിയത്. എ.ഇ അപേക്ഷകൾ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറായ രാജേഷ് മോന് കൈമാറി. പരീക്ഷാ കാലവും, ചൂട് സമയവും ആയതിനാൽ ഒരേ സമയം ഇത്രയധികം പേർ ഒരുമിച്ച് അവധിയെടുക്കരുതെന്ന് രാജേഷ് മോൻ സബ് എൻജിനീയറോട് ഫോണിൽ പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കുടുംബയോഗത്തിൽ പങ്കെടുത്ത ശേഷം തിരികെയെത്തിയ കലവൂർ ഓവർസിയർ സിബുമോൻ, സഞ്ജയ് നാഥ്, രഘുനാഥ്, ചന്ദ്രൻ എന്നിവർ ചേർന്ന് ജീവനക്കാരെ കുടുംബസംഗമത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് രാജേഷുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. രണ്ട് പേർ പുറകിൽ നിന്ന് തന്നെ ബലമായി പിടിച്ചുവയ്ക്കുകയും, മറ്റ രണ്ട് പേർ മുഖത്തും തലയിലുമടക്കം മർദ്ദിക്കുകയും ചെയ്തതായി രാജേഷ് പറഞ്ഞു.
തനിക്ക് കീഴിലുള്ള മറ്റ് സെക്ഷനുകളിൽ നിന്നും ജീവനക്കാർ കുടുംബസംഗമത്തിൽ പങ്കെടുത്തിരുന്നതായും, ഒരേ സമയം എല്ലാവരും കൂടി പോകരുതെന്നാണ് നിർദ്ദേശിച്ചതെന്നും രാജേഷ് പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രാജേഷിന്റെ മൊഴി മാരാരിക്കുളം പോലീസു രേഖപ്പെടുത്തി.