യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവർണറുടെ ഇടുക്കി സന്ദർശനത്തിന്റെ ശ്രദ്ധതിരിക്കാനാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ഈ മാസം 22 വരെയാണ് സെഷൻസ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. കോൺഗ്രസിലെയും യുഡിഎഫിലെയും മുതിർന്ന നേതാക്കൾ രാഹുലിനെ ജയിലിലെത്തി സന്ദർശിച്ചു.