ആലപ്പുഴ: ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിലാണ് സംഭവം. സംഭവം നടന്ന ഉടനെ പ്ലസ് വണ്‍ ക്ലാസിലെ 12 കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മരത്തിലെ പുഴുക്കളാണ് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.