യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പാലക്കാട് ടൗൺ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. പത്തനംതിട്ടയിലും ഇടുക്കിയിലും തൃശ്ശൂരിലും കോട്ടയത്തും പ്രതിഷേധം നടന്നു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയത്തും ആലപ്പുഴയിലും സംഘർഷമുണ്ടായി. പ്രതിഷേധം നടന്ന സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാഹുലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. . തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.