Entertainment India News

നടിഗർ സംഘത്തിന് പേര് മാറ്റം?; വിജയകാന്തിന്റെ പേര് നൽകാൻ ആവശ്യം

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടിഗർ സംഘത്തിന്റെ പേര് മാറ്റാൻ ആവശ്യം. അന്തരിച്ച നടൻ വിജയകാന്തിന്റെ സ്മരണാർത്ഥം പേര് മാറ്റണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്. 450 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്ന നടിഗർ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ ആശയങ്ങളും ധനസമാഹരണ പരിപാടികളുമാണ് സംഘടനയെ കടബാധ്യതയിൽ നിന്ന് രക്ഷിച്ചത്. അഭിനേതാക്കളെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. 2006ൽ വിജയകാന്ത് സ്ഥാനമൊഴിയുമ്പോൾ ഒരു കോടി രൂപയുടെ ബാങ്ക് നിക്ഷേപം നടിഗർ സംഘത്തിനുണ്ടായിരുന്നു. നൃത്തസംവിധായകനും നടനുമായ ജാഗ്വാർ തങ്കമാണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ട് വച്ചത്. നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബർ 28ന് രാവിലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.വിവിധ ആരോഗ്യ പ്രശനങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വിജയകാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അന്ത്യം.

Related Posts

Leave a Reply