കുന്നംകുളം: രണ്ട് വ്യത്യസ്ത പോക്സോ കേസുകളിൽ മാതൃകാപരമായ ശിക്ഷയുമായി കുന്നംകുളം പോക്‌സോ കോടതി. 10 വയസുകാരിയേയും 7 വയസുകാരിയേയും ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആദ്യത്തെ സംഭവത്തിൽ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം തടവും 30000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മനക്കൊടി പാടംവീട്ടില്‍ സന്ദീപിനെ (കണ്ണന്‍, 36) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം. പഠനത്തില്‍ മോശമായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ബന്ധുവായ പ്രതി ലൈംഗികാതിക്രമം നടത്തുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അറിഞ്ഞത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരം വാടാനപ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.പി. ഫര്‍ഷാദ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയായ പി.ആര്‍. ജഗദ് ചന്ദ്രമോഹന്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കുകയും പ്രതിയുടെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് സി.ഐയായിരുന്ന എ.എസ്. സാബുജി പുനര്‍ അന്വേഷണം നടത്തിയത്.
കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ എന്നിവരും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിസ് എന്നിവരും പ്രവര്‍ത്തിച്ചു.
രണ്ടാമത്തെ കേസിൽ ഏഴുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വര്‍ഷം തടവും 110000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഈ കേസിലെ പ്രതി മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ്. വാടാനപ്പള്ളി ഇത്തിക്കാട്ട് വിനോദിനെ (ഉണ്ണിമോന്‍, 50 )യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം.
ഏഴു വയസുള്ള കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കടയിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിനിടയിലാണ് വിനോദ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ മൊഴി പ്രകാരം വാടാനപ്പള്ളി സി.ഐയായിരുന്ന കെ.ആര്‍. ബിജു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സി.ഐയായ പി.ആര്‍. ബിജോയ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ രഞ്ജിക കെ. ചന്ദ്രന്‍, അനുഷ എന്നിവരും ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിസ് എന്നിവരും പ്രവര്‍ത്തിച്ചു. പ്രതിയായ വിനോദ് നിലവില്‍ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.