എറണാകുളം ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം. ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് പ്രതിഷേധക്കാര്‍ കുര്‍ബാന തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജനാഭിമുഖ കുര്‍ബാന നടത്തിയാല്‍ തടയുമെന്ന് ഔദ്യോഗിക പക്ഷം എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു. ജനാഭിമുഖ കുര്‍ബാന ആരംഭിച്ചപ്പോള്‍ തന്നെ ഔദ്യോഗികപക്ഷത്തിലെ ചില ആളുകള്‍ എത്തി ഇത് ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കുര്‍ബാന തടയാന്‍ ശ്രമിച്ചു. അള്‍ത്താരക്കടുത്തേക്ക് എത്തി വൈദികന്റെ കുര്‍ബാന തടസപ്പെടുത്തുന്ന ഇടപെടലിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങി. തുടര്‍ന്ന് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തി. കുര്‍ബാന പൂര്‍ണമായി തടസപ്പെട്ടു. തുടര്‍ന്ന് വൈദികന് തന്നെ ഇടപെട്ടു, ജനാഭിമുഖ കുര്‍ബാന അനുകൂലിക്കുന്നവര്‍ കൈ പൊക്കാന്‍ വൈദികന് ആവശ്യപ്പെട്ടു. ഭൂരിപക്ഷം പേരും അനുകൂലിച്ചതോടെ കുര്‍ബാന പുനരാരംഭിച്ചു. ഇതിനിടെ വീണ്ടും പ്രതിഷേധക്കാര്‍ രംഗത്തെത്തി. തുടര്‍ന്ന് പള്ളിയിലേക്ക് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കി. എന്നിരുന്നാലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.