Kerala News

‘പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം ഞങ്ങളും തുടങ്ങും’; മുന്നറിയിപ്പുമായി വി.ഡി സതീശൻ

മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം. പൊലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച് അവശരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ക്രിമിനലുകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ
മുഖ്യമന്ത്രിയുടെ ക്രിമിനൽ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുന്നു. മുഖ്യമന്ത്രി അതിരു കടക്കുകയാണെന്നും ഇത് തുടർന്നാൽ പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ ഗൺമാൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയൻ മരുന്ന് കഴിക്കാൻ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാർ അത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Related Posts

Leave a Reply