Kerala News

അരിതക്ക് അശ്ലീല വീഡിയോ കോൾ വന്നത് ഖത്തറിൽ നിന്ന്, ആളെ തിരിച്ചറിഞ്ഞു

ആലപ്പുഴ: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന് അശ്ലീല സന്ദേശവും വീഡിയോ കോളും ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു. ഇയാൾ മാപ്പ് പറഞ്ഞെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അരിതാ ബാബു വ്യക്തമാക്കി. ഖത്തറിൽ നിന്ന് മലപ്പുറം അമരമ്പലം സ്വദേശി ഇ പി ഷമീർ എന്ന വ്യക്തിയാണ് അരിതയോട് മോശമായി പെരുമാറിയത്. വിദേശത്തുള്ള സുഹൃത്തുക്കൾ വഴിയാണ് അരിത ഇയാളെ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കൾ അറിയിച്ചത് പ്രകാരം ഇയാൾ മാപ്പ് പറയുന്ന വീഡിയോ അരിതക്ക് അയച്ചു നൽകി. എന്നാൽ, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അരിത വ്യക്തമാക്കി. എനിക്കല്ല ഏത് പെൺകുട്ടിക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണ്ടി വരുന്ന അവസ്ഥയുണ്ടെന്നും അരിത പറഞ്ഞു. മറ്റൊരു പെൺകുട്ടിക്കയച്ച വീഡിയോ തനിക്ക് മാറി വന്നതാണെന്ന് ഇയാൾ പറഞ്ഞെന്നും മറ്റുള്ളവരോടും ഇയാൾ മോശമായി പെരുമാറിയതിന്റെ തെളിവാണിതെന്നും അരിത വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് അരിത ബാബുവിന്റെ ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യങ്ങൾ വന്നത്. ഇന്നലെ ഉച്ച മുതൽ തുടർച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോൾ തുടർന്നപ്പോൾ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തെന്ന് അരിത പറഞ്ഞു. ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു.

ശേഷം തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങൾ അയച്ചെന്നും സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്തെന്നും അരിത വ്യക്തമാക്കിയിരുന്നു. അവരുടെ വീഡിയോ കോളിൽ പതിഞ്ഞയാളുടെ മുഖം അരിത ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഇയാള്‍ ഖത്തറിൽ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അരിത അഭ്യര്‍ത്ഥിച്ചിരുന്നു. 

Related Posts

Leave a Reply