തൃശൂർ: നഴ്സിംഗ് പ്രവേശന തട്ടിപ്പിനെ തുടർന്ന് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഘം അറസ്റ്റിൽ. തൃശൂർ സ്വദേശി ജോഷി മാത്യുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. നഴ്സിങ് അഡ്മിഷന്റെ പേരിൽ ജോഷിയുടെ സുഹൃത്ത് അഖിൽ തട്ടിയെടുത്ത പണം തിരികെ കിട്ടാനായിരുന്നു മർദനം. ജോഷി പരിചയപ്പെടുത്തിയ അഖിലിനു പ്രതികൾ 18 ലക്ഷം നൽകിയിരുന്നു. എന്നാൽ അഡ്മിഷൻ ശരിയാക്കി നൽകാതെ അഖിൽ മുങ്ങിയതിനെ തുടർന്ന് പ്രതികൾ ജോഷിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇന്നലെ പുലർച്ചെ പാലാരിവട്ടം പാലത്തിന് സമീപത്തുനിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി. കാക്കനാടുള്ള ഹോട്ടലിൽ എത്തിച്ചു ജോഷിയെ മർദ്ദിച്ചു. ജോഷിയുടെ വലതു കണ്ണിന് താഴെ എല്ലിന് പൊട്ടലുണ്ട്. ജോഷിയുടെ 5 പവന്റെ സ്വർണാഭരണവും 30,000 രൂപയും പ്രതികൾ കൈക്കലാക്കി പ്രതികൾ രക്ഷപ്പെട്ടു. ജോഷി ചികിത്സ തേടിയ ആശുപത്രി കൈമാറിയ വിവരത്തിന് അടിസ്ഥാനത്തിലാണ് പോലീസ് എത്തി കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.