കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ ഹൈക്കോടതി ഇന്ന് കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ വാദം കേൾക്കും. ദിലീപിൻ്റെ അഭിഭാഷകൻ്റെ സൗകര്യം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്, ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല, ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു സർക്കാരിൻ്റെ വാദം. പ്രൊസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധി റദ്ദാക്കണമെന്നും ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.