Kerala News

വിനോദസഞ്ചാരത്തിനായി ജമ്മുവിലെത്തിയ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കാര്‍ കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്. മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ജമ്മുകശ്മീരില്‍ പാലക്കാട് സ്വദേശികള്‍ അപകടത്തില്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും എംബി രാജേഷ് പറഞ്ഞു.

Related Posts

Leave a Reply