കൊല്ലം: കൊല്ലം ചിതറയിൽ ഓയിൽ പാം എസ്റ്റേറ്റിന് സമീപം തീറ്റ മേഞ്ഞ് നിന്ന മൂന്ന് ആടിനെ കാറിലെത്തിയ സംഘം മോഷ്ടിച്ചതായി പരാതി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച നാല് മണിയോടെയാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി ലീലയുടെ ഉടമസ്ഥതയിലുളള ആടുകളെയാണ് സംഘം മോഷ്ടിച്ചത്. മാരുതി സിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആടിനെ മോഷ്ടിച്ചതെന്നാണ് പരാതി.
ലീലയുടെയും കുടുംബത്തിന്റെയും ഏക ഉപജീവന മാർഗമായിരുന്ന ആടുകളാണ് നഷ്ടമായത്. മോഷണ സംഘം സഞ്ചരിച്ച കാർ അമിത വേഗതയിലാണ് പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ചിതറ പഞ്ചായത്ത് വീട് നൽകുമെന്ന് പറഞ്ഞിട്ടും കിട്ടാത്തതിനാൽ ഷെഡിലാണ് ലീലയുടേയും കുടുംബത്തിന്റേയും താമസം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്തിനുള്ള ശ്രമത്തിലാണ് ചിതറ പൊലീസ്.
അതേസമയം, കോഴിക്കോട് മുക്കത്തിന് സമീപം പെട്രോൾ പമ്പില്‍ ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറി സിനിമാ സ്റ്റൈല്‍ മോഡല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ പിടിയിലായിട്ടുണ്ട്. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് പിടിയിലായത്. കേസില്‍ മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. മുക്കത്തിനടുത്ത് മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽ ഈ മാസം 17-ന് പുലർച്ചെയായിരുന്നു കവര്‍ച്ച നടന്നത്. മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു പ്രതികൾ മോഷണം നടത്തിയത്.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറാണ് ഇന്നലെ വൈകീട്ട് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കറായി ജോലിക്ക് നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് താമരശ്ശേരി വെച്ച് പിടിയിലാവുന്നത്.
