കണ്ണൂർ: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വീണ്ടും വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. വെടിയൊച്ചകള്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെയും എട്ടംഗ മാവോയിസ്റ്റ് സംഘം ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെ വെടിവെയ്പ്പ് നടത്തിയിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രത്യാക്രമണവും ഉണ്ടായിരുന്നു.
നേരത്തെ കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്ന് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടംഗ മാവോയിസ്റ്റ് സംഘം തണ്ടര്ബോള്ട്ടിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ പ്രത്യാക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരണമില്ലെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. സംഘം തമ്പടിച്ച ടെന്റുകള്‍ മേഖലയില്‍ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ് സംഘത്തിനായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
ഉരുപ്പുംകുറ്റിയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയുള്ള ഞെട്ടിത്തോട് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എട്ട് പേര് സംഘത്തിലുണ്ടെന്നും ആക്രമണത്തിന് ശേഷം സംഘത്തിലെ മുഴുവന്‍ പേരും രക്ഷപ്പെട്ടെന്നുമായിരുന്നു സൂചന. ഇന്നലെ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം വെടിയൊച്ച കേട്ടിരുന്നതായി അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായി നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.