11 വയസുകാരൻ്റെ കൊലപാതകക്കേസ് പരിഗണിക്കുന്നതിനിടെ സുപ്രിം കോടതിയിൽ അതിനാടകീയ രംഗങ്ങൾ. കുട്ടിയുടെ കൊലപാതക്കേസിൽ വാദം കേൾക്കുന്നതിനിടെ 11 വയസുകാരൻ തന്നെ കോടതിയിൽ നേരിട്ട് ഹാജരായി. മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാനായി അച്ഛൻ നൽകിയ കള്ളക്കേസാണ് തൻ്റെ കൊലപാതകമെന്ന് ബാലൻ കോടതിയെ ബോധിപ്പിച്ചു.
ഈ വർഷത്തിൻ്റെ തുടക്കത്തിലാണ് യുപി സ്വദേശിയായ 11 വയസുകാരൻ്റെ അച്ഛൻ ഭാര്യാപിതാവിനും അമ്മാവന്മാർക്കുമെതിരെ കൊലപാതകക്കേസ് ഫയൽ ചെയ്തത്. മകനെ ഭാര്യാപിതാവും അമ്മാവന്മാരും ചേർന്ന് കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസ് വ്യാജമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതർ അലഹബാദ് ഹൈക്കോടതി സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി. തുടർന്ന് ഇവർ സുപിം കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതർ തന്നെ 11കാരനെ കോടതിയിൽ എത്തിക്കുകയായിരുന്നു. ഇതോടെ, ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ഹർജിക്കാർക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സുപ്രിം കോടതി അറിയിച്ചു.
2010ലായിരുന്നു പരാതിക്കാരൻ്റെ വിവാഹം. സ്ത്രീധനത്തിൻ്റെ അമ്മയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുമായിരുന്നു. 2013ൽ മർദ്ദനത്തിലെ പരുക്കുകൾ കാരണം അമ്മ മരിച്ചു. ഇതോടെ കുട്ടി അമ്മയുടെ അച്ഛനൊപ്പം താമസമാരംഭിച്ചു. കുട്ടിയെ തനിക്കൊപ്പം വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഭാര്യാപിതാവുമായി വഴക്കിടാറുണ്ടായിരുന്നു. ഇതേസമയം, മകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പിതാവ് മകളുടെ ഭർത്താവിനെതിരെ കേസ് കൊടുത്തു. ഇതിനു പിന്നാലെയാണ് പിതാവ് കള്ളക്കേസ് നൽകിയത്.
