Kerala News

കരുവന്നൂർ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടിസ്.
ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ഈ മാസം 25 ന് ഹാജരാകാനാണ് ഇഡി നിർദേശം നൽകിയത്. ബാങ്കിലെ ബെനാമി ലോണുകൾ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നോട്ടിസ് അയച്ചതെന്നാണ് വിവരം.

അതേസമയം 25ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. മാധ്യമ വാർത്തകൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും നോട്ടീസിനെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്കിനു 343 കോടി രൂപയിൽ അധികം നഷ്ടപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 55 പേരെ പ്രതി ചേർത്ത് ഇ.ഡി. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതിപ്പട്ടികയിൽ 50 വ്യക്തികളും 5 കമ്പനികളും ഉൾപ്പെടുന്നു. ബാങ്കിനു നഷ്ടപ്പെട്ട 343 കോടി രൂപയിൽ 150 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളാണ് ഇ.ഡി ഇതുവരെ കണ്ടെത്തിയത്.

Related Posts

Leave a Reply