Kerala News

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ സംഘര്‍ഷം. ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തുടങ്ങിയ സംഘര്‍ഷത്തില്‍ ജയില്‍ ജീവനക്കാരനായ അര്‍ജുന് പരുക്കേറ്റു. ജയിലധികൃതര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് തടവുകാര്‍ സഹതടവുകാരനെയും മര്‍ദിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ ബൂത്തും അടിച്ചു തകര്‍ത്തു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഭക്ഷണത്തിന്റെ അളവുപോരെന്ന് തടവുകാരായ രഞ്ജിത്ത്, അരുണ്‍ എന്നിവര്‍ പരാതിപ്പെട്ടു. പരാതിയില്‍ തടവുകാരെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുന്നതിനിടെ പ്രകോപിതരാവുകയും ഡ്യൂട്ടി ഉണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുനെ ചില്ല് ഗ്ലാസ് പൊട്ടിച്ച് കുത്താന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള അടിപിടിയിലാണ് അര്‍ജുന് പരുക്കേറ്റത്. തോളിന് പരുക്കേറ്റ അര്‍ജുനെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

സംഭവത്തോടെ തടവുകാര്‍ ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞു. തടവുകാരെ സെല്ലിനകത്തേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം അതിന് തയ്യാറായില്ല. പ്രകോപിതനായ കൊടി സുനി ജയിലിലെ ടെലിഫോണ്‍ ബൂത്ത് അടിച്ച് തകര്‍ത്തു. ഇതിനിടെയാണ് അടുക്കള ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജോമോന്‍ എന്ന തടവുകാരന് മര്‍ദനമേല്‍ക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യങ്ങള്‍ കൈമാറുന്നത് ജോമോനാണെന്ന് ആരോപിച്ച് തടവുകാരായ സാജുവും താജുദിനും, നിപുരാജ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ ജോമോനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാര്‍ സംഘടിച്ച് ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞതോടെ പ്രാണരക്ഷാര്‍ത്ഥം എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചു. വിയ്യൂര്‍ എസ്.ഐ എബ്രഹാമിനെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി. ഒപ്പം സമീപത്തെ ജയിലുകളിലെ ജീവനക്കാരെയും ഇങ്ങോട്ടേക്ക് എത്തിച്ചു. തുടര്‍ന്നാണ് തടവുകാരെ ജയിലില്‍ കയറ്റാനായത്. ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം.

Related Posts

Leave a Reply