Kerala News

മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങളില്ല

തിരുവനന്തപുരം: സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം തുടരുന്നു. വിലകുറച്ച് വിൽക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈക്കോയിലെ ഷെൽഫുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. പൊതുവിപണിയിൽ വൻവിലയുള്ള സാധനങ്ങൾ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാർ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. 13 ഇനം സാധനങ്ങൾ വിലകുറച്ചു വിൽക്കുന്നതാണ് പൊതുജനങ്ങളെ സപ്ലൈകോയിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ പ്രതീക്ഷയോടെ സപ്ലൈകോയിൽ എത്തുന്ന ആളുകൾ നിരാശരായാണ് മടങ്ങുന്നത്. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് ഒന്നരമാസമായി. വറ്റൽമുളകും വൻപയറും തീർന്നിട്ട് ഒരു മാസം കഴിഞ്ഞു. ഉഴുന്ന് രണ്ടാഴ്ച്ച മുൻപ് തീർന്നതാണ്. 13 സബ്സിഡി ഇനങ്ങളിൽ മറ്റുപലതും ചെറിയ അളവിൽ സ്റ്റോക്ക് വരും വേഗം തീരും.

സപ്ലൈകോയിൽ സാധനം നൽകാൻ വിതരണക്കാർ തയ്യാറല്ല. മുൻപ് വിതരണം ചെയ്ത സാധനങ്ങളുടെ 650കോടി രൂപ കുടിശ്ശിക ഇനിയും സപ്ലൈകോ നൽകിയിട്ടില്ല. കേരളം കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. സർക്കാർ ഇത് കണ്ടഭാവം നടിക്കുന്നില്ല. വർഷങ്ങളായി സബ്സിഡി നൽകുന്ന വകയിൽ 1525കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണം ഒരു രൂപ പോലും തരാനില്ലെന്നാണ് ധനവകുപ്പിൻറെ നിലപാട്.

സപ്ലൈകോ സ്റ്റോറുകളിലെ വിലവിവര പട്ടികയിൽ പഞ്ചസാരയും മുളകും കാണാതായിട്ട് മാസം ഒന്നു കഴിഞ്ഞു. സപ്ലൈ ഇല്ലാത്ത് സ്ഥാപനമായി സപ്ലൈകോ മാറിയെന്ന വിമർശനം ശരിവെക്കുന്നതാണ് നിലവിലെ കാഴ്ച്ച. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തോട് സർക്കാർ മുഖം തിരിക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.

Related Posts

Leave a Reply