കളമശേരി സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ പൊലീസ് മൊഴിയെടുക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. ഒരുമണിയോടെയാണ് ഇയാൾ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാർട്ടിൻ യഹോവ സാക്ഷി സഭാംഗമാണെന്നാണ് അവകാശപ്പെടുന്നത്.
താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു. മാർട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. തമ്മനത്തെ വാടക വീട്ടിലാണ് ഡൊമനിക് മാർട്ടിനും ഭാര്യയും താമസിക്കുന്നത്.
അതേസമയം, കീഴടങ്ങിയ ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൂന്നു മണിക്കൂർ മുമ്പാണ് ഡൊമിനിക് മാർട്ടിൻ ഫേയ്സ്ബുക്കിൽ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിർപ്പുമൂലമാണെന്നും 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു.
യഹോവാ സാക്ഷികൾ രാജ്യദ്രോഹ സംഘടനയെന്ന് ആറു വർഷം മുൻപ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവർ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ സാധാരണക്കാർ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയിൽ പറയുന്നു.