Kerala News

വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ

നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്.

2 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ട് വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പട്ടികയിൽ. ഒരു ആയുഷ്കാലത്തിന്റെ അധ്വാനത്തിൽ മിച്ചം പിടിച്ചതും പെൻഷൻ കിട്ടിയതുമായ തുകയെല്ലാം ബാങ്കിലിട്ടവരാണ് ഇവർ. തിരിച്ചെടുക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. 2015 ലാണ് ക്രമക്കേടുകളുടെ തുടക്കം.

മീനച്ചിൽ അസിസ്റ്റൻറ് രജിസ്റ്റർ നടത്തി പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ വെട്ടിപ്പ്. 2012 ൽ വെറും 8 ലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തി വാങ്ങിയ സ്ഥലം മൂന്നു വർഷങ്ങൾക്കുശേഷം ബാങ്ക് വാങ്ങിയത് മൂന്നേകാൽ കോടി രൂപയ്ക്ക്. ബാങ്കിന് ഓഡിറ്റോറിയം പണിയാൻ എന്ന പേരിലാണ് ഭൂമിയുടെ വില 35 ഇരട്ടിയോളം വർധിപ്പിച്ചു കാണിച്ച് പണം തട്ടിയത്.

ഈ സംഭവം പിടിക്കപ്പെട്ടതോടെ ബാങ്കിലെ മൂടിവയ്ക്കപ്പെട്ട അഴിമതി കഥകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങി. ഇഡി അന്വേഷണം വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. കഴിഞ്ഞ ദിവസം വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് സമിതി.

Related Posts

Leave a Reply