India News Top News

എഞ്ചിൻ ജ്വലനം സാധ്യമായില്ല; ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു

ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതി ഗഗന്‍യാന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു. എഞ്ചിൻ ജ്വലനം സാധ്യമാകാത്തതിനാലാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രശ്‌നം പഠിച്ചശേഷം വീണ്ടും വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കാനിരുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് എട്ടര മണിക്ക് നടത്താനിരുന്ന പരീക്ഷണ വിക്ഷേപണം ആണ് മാറ്റിവെക്കേണ്ടിവരുന്നത്. നേരത്തെ ഒക്ടോബര്‍ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിച്ചിരുന്നു. എന്നാല്‍ അവസാന അഞ്ചു സെക്കന്‍ഡില്‍ എന്‍ജിന്‍ ജ്വലനപ്രക്രിയ സാധ്യമായില്ല. തുടര്‍ന്ന് പരീക്ഷണ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.

ഗഗന്‍യാന്‍ പേടകം സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ടെസ്റ്റ് മെഡ്യൂള്‍ അബോര്‍ട് മിഷന്‍ എന്നാണ് പരീക്ഷണ ദൗത്യത്തിന് നല്‍കിയിരുന്ന പേര്. സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിച്ചത്.

Related Posts

Leave a Reply