തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2022 നവംബർ 17 ന്റെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി. പിരിച്ചുവിടുന്നവരുടെ പട്ടികയിൽ നേതാക്കളുടെ അടുത്ത ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ആറ്റിങ്ങൽ എംഎൽഎയുടെ സഹോദരൻ, കോൺഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തിയ പി എസ് പ്രശാന്തിന്റെ ഭാര്യ എന്നിവരും പിരിച്ചുവിടൽ പട്ടികയിലുണ്ട്. 2010 ല് സ്ഥിരപ്പെടുത്തിയ ആറ് പേരെയും പിന്നീട് സ്ഥിരപ്പെടുത്തിയ ഏഴ് പേരെയുമാണ് പിരിച്ചുവിടുന്നത്. ഈ ഉത്തരവ് സിഡിറ്റിൽ അടക്കം സ്ഥിര നിയമനം ലഭിച്ചവർക്ക് തിരിച്ചടിയാകും.
15 വകുപ്പുകളിലാണ് ഇത്തരത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നത്. ഈ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ താത്കാലിക നിയമനം നേടിയ നിരവധി പേരെ ഇത് ബാധിക്കും. സെപ്റ്റംബർ 29നാണ് പിരിച്ചുവിടൽ ഉത്തരവ് ഇറക്കിയത്. പിരിച്ചുവിട്ടവരിൽ ഒരാൾ അടുത്തവർഷം വിരമിക്കുന്നയാളാണ്.
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ നിയമനം നേടിയവരെയാണ് പിരിച്ചുവിടുന്നത്. സിഡിറ്റിൽ ഈയിടെ 110 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഈ ഉത്തരവോടെ സിഡിറ്റിലേതടക്കമുള്ള സ്ഥിര നിയമനങ്ങളെ ബാധിച്ചേക്കും. അതേസമയം സയൻസ് ആൻഡ് ടെക്നോളജിയിലെ പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പട്ടികയിലുള്ളവർ.