തിരുവനന്തപുരം: 28 പാർട്ടികളുള്ള ഇൻഡ്യ മുന്നണിയെ ഇനിയും വിപുലപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് തിരഞ്ഞെടുപ്പിന് വേണ്ടി പറയുന്നതല്ല, തിരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒറ്റ ഭാഷ വേണം എന്ന് പറയുന്നു. സംഘപരിവാർ 100ാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി മാറ്റാതിരിക്കാൻ നമ്മുടെ കയ്യിൽ ഉള്ളത് 2024 തിരഞ്ഞെടുപ്പ് മാത്രമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാർട്ടിക്കെതിരെ ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. തെറ്റായ ഒരു നിലപാടിനെ അംഗീകരിക്കുന്നവരല്ല തങ്ങൾ എന്ന് കരുവന്നൂർ ബാങ്ക് അന്വേഷണത്തെ കുറിച്ചുളള ചോദ്യത്തിന് എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. അതേസമയം നിയമന തട്ടിപ്പ് കേസിൽ ആരോഗ്യ വകുപ്പിനേയും മന്ത്രിയെയും താറടിച്ച് കാണിക്കാൻ ഏതോ ഒരു കേന്ദ്രത്തിൽ നിന്ന് ഉണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
കേരളത്തിന് തന്നെ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന വകുപ്പിനെ ബോധപൂര്‍വം താറടിച്ച് കാണിക്കാനാണ് ശ്രമം. ബോധപൂര്‍വ്വം സൃഷ്ടിച്ച കളളവാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമാണ് എല്ലാവരും കൊടുത്തത്. നമ്മുടെ നാടിനെയാണ് ഇതിന്റെ ഭാഗമായി താറടിക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.