ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്.
മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി.
പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളിയാണ്. 7.1 ബില്യൺ ഡോളർ ആസ്തിയാണുള്ളത്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.