കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എം. ഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്ക് റെബ്‌കോയിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചാണ് ഇ.ഡി വിവരങ്ങൾ തേടുന്നത്. റബ്കോയിൽ നിന്ന് ചില രേഖകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ റെബ്‌കോയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസവും ഹരിദാസൻ നമ്പ്യാരുടെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായ സിപിഐഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. കലൂരിലെ പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുക.
കരുവന്നൂർ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയുമാണ് കലൂർ പി എം എൽ എ കോടതി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും.
6 ശബ്ദരേഖയാണ് ഇഡി കേൾപ്പിച്ചതെന്നും, എന്നാൽ 13 എണ്ണത്തിൽ ഒപ്പിടീച്ചെന്നും കോടതിയോട് അരവിന്ദാക്ഷൻ പറഞ്ഞു. ശബ്ദം തന്റേതെന്ന് അരവിന്ദാക്ഷൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.
സതീഷ്കുമാറുമായുള്ള ഫോൺ സംഭാഷണത്തിൽ ഒന്നും ഓർമയില്ലെന്നാണ് അരവിന്ദാക്ഷന്റെ മറുപടിയെന്നും ഇഡി പറഞ്ഞു. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോടതി 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും കോടതിയിൽ ഹാജരാക്കിയത്.
തട്ടിപ്പിനെതിരെ ബിജെപി നടത്തിയ പദയ്ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഈ മാസം രണ്ടിനാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തിയത്.