കൊല്ലം: സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
സോളാർ വിവാദങ്ങളിൽ മധ്യസ്ഥത വഹിക്കാൻ തന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു. മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ ചില കോൺഗ്രസുകാർ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. കൊട്ടാരക്കരയിൽ 14-ന് നടക്കുന്ന പാർട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ