India News Kerala News

ഇസ്രയേൽ-ഹമാസ് യുദ്ധം; ആശങ്ക വേണ്ട, വി മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേലിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. എത്രപേർ ഉണ്ടെന്ന് എംബസിക്ക് വിവരം നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ കേന്ദ്രസർക്കാർ തയ്യാറാണ്. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്നും ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും വി മുരളീധരൻ വ്യക്തമാക്കി.

അതേസമയം ഇസ്രയേലിലും പലസ്തീനിലുമുളള ഇന്ത്യക്കാർ സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ​ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക്‌ മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കും. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധി ദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

മുമ്പ് ഒരിക്കലും ഇല്ലാത്ത വിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്. അത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കും. ഈ പോരാട്ടം ഏറെക്കാലം നീണ്ടുനില്‍ക്കും. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, മറ്റു സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ റദ്ദാക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ആദ്യ ഘട്ട യുദ്ധം കഴിഞ്ഞുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Related Posts

Leave a Reply