ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആർ മോഹനൻ നായർ പറഞ്ഞു. ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും അഖിൽ സജീവിന് ലഭിക്കില്ല. സജീവമായ പാർട്ടി പ്രവർത്തകനല്ല. വർഷങ്ങൾക്ക് മുമ്പേ അഖിൽ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആർ മോഹനൻ നായർ പറഞ്ഞു. ഡിവൈഎഫ്ഐ യുടെ മേഖല പ്രസിഡന്റായിരുന്നു അതിൽ നിന്നും രണ്ട് വർഷം മുന്നേ നീക്കിയിരുന്നുവെന്നും മോഹനൻ നായർ പറഞ്ഞു.
എന്നാൽ അഖിൽ സജീവിനെതിരെ മുമ്പും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്ത് ഒരു വർഷമായിട്ടും അഖിൽ സജീവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിൽ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നൽകിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതുവരെ ഈ കേസിൽ ഇയാളെ പിടികൂടാനായിട്ടില്ല. വള്ളിക്കോട്ടെ അഖിൽ സജീവിന്റെ വീട് അടച്ചിട്ട നിലയിലാണുള്ളത്. ധാരാളം ആളുകൾ അഖിലിനെ അന്വേഷിച്ച് വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. വ്യാജ സീലും വ്യാജ ഒപ്പും ഉപയോഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചർ വരെ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. അന്ന് സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നു ഇയാൾ.