സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് തീരുമാനമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തില്‍ പിണറായി വിജയന് മറുപടി പറയണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ബില്ല് പഠിച്ചതിനുശേഷം വിശദമായ നിലപാട് എടുക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്ന ബില്ല് പാസാക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച വേണമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സാമൂഹ്യനീതിയും മെറിറ്റും ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കണം. പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ത്ഥി യൂണിയന് ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്ഐ പറഞ്ഞു.
സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തു പ്രതിരോധിക്കുമെന്ന് എ.ഐ.എസ്.എഫ് അറിയിച്ചു. കേരള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് വിരാജ് ദേവാങ് ട്വന്റിഫോറിനോട് പറഞ്ഞു. സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് തിരക്കുപിടിച്ച് അംഗീകാരം നല്കിയ തീരുമാനത്തില്‍ ആശങ്കയുണ്ടെന്ന് കെ.എസ്.യു പറഞ്ഞു. എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എന്ന് വ്യക്തമാക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കുന്ന കേന്ദ്ര നീക്കത്തിന് ബദലായാണ് കേരളം കൊണ്ടുവന്ന ബില്ലെന്നായിരുന്നു എസ്.എഫ്.ഐയുടെ പ്രതികരണം. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ടി പി ശ്രീനിവാസന് 24 പറഞ്ഞു. 20 കൊല്ലം മുമ്പേ ഉണ്ടാകേണ്ട തീരുമാനമായിരുന്നു. ഇനി ഏതെങ്കിലും നിക്ഷേപകര്‍ കേരളത്തിലേക്ക് എളുപ്പത്തില്‍ വരുമോ എന്ന് സംശയം എന്നും ടി.പി ശ്രീനിവാസന് പറഞ്ഞു. അതേസമയം ബില്ലിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.