Agriculture Kerala News

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈക്കോയ്ക്ക് നിർദേശംനൽകി. ബാങ്ക് ഇടപാട് കഴിയില്ലായെന്ന് കർഷകർ നിലപാടെടുത്താൽ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈക്കോ ഏത് വിതെനെയും നടപ്പാക്കണമെന്നാണ് കർഷകരുടെ നിർദേശം. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കർഷകരുടെ മുന്നിലേക്ക് സപ്ലൈക്കോയ്ക്ക് വയ്ക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിശിക തീര്‍ത്ത് സംഭരണ വില നൽകാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കിൽ അതിന് കാരണം സാങ്കേതിക തടസങ്ങൾ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 14000 ത്തോളം കര്‍ഷകര്‍ക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്. സപ്ലൈകോ വഴി നെല്ല് സംഭരിച്ചവകയിൽ കർഷകർക്ക് നൽകാനുളള കുടിശിക വിതരണം വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ നേരത്തെ അറിയിച്ചിരുന്നു.

2022-23 സീസണില്‍ നാളിതുവരെ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണ വില 2070.71 കോടി. 738 കോടി രൂപ സപ്ലൈക്കോ നേരിട്ടു കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നൽകി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി രൂപ മൂന്ന് ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം വഴി PRS ലോണായുമാണ് നല്‍കിയത്. സർക്കാരിൽ നിന്നും കിട്ടിയ 180 കോടി രൂപയിൽ 72 കോടി രൂപ 50000 രൂപയില്‍ താഴെ കുടിശ്ശികയുണ്ടായിരുന്ന 26,548 കർ‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തെന്നും അൻപതിനായിരം രൂപയ്ക്ക് മുകളിൽ കുടിശ്ശിക നൽ‍കാനുണ്ടായിരുന്ന 27,791 കർ‍ഷകരുടെ കുടിശ്ശികതുകയിൽ പ്രോത്സാഹനബോണസും കൈകാര്യ ചെലവും നൽകിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു, ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശ്ശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി PRS ലോണായി നൽകുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചെന്നാണ് സപ്ലെയ്കോ അറിയിക്കുന്നത്. ഇതുവരെ ആകെ 3795 കർഷകർക്ക് 35.45 കോടി രൂപ PRS ലോണായി നൽകി. ബാക്കി വരുന്ന 14000 ത്തോളം കര്‍ഷകര്‍ക്കുള്ള തുക അടുത്ത ദിവസങ്ങളിൽ കിട്ടിത്തുടങ്ങുമെന്നും സര്‍ക്കാര്‍ വിശദീകരണം. ഈ വര്‍ഷത്തെ സംഭണ തുകയിൽ കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ സംഭരിച്ച നെല്ല് സംസ്കരിച്ച് റേഷൻകടകളിൽ എത്തണം. ഇ കാലതാമസം ഒഴിവാക്കാനാണ് കാലങ്ങളായി പിആര്‍എസ് ലോൺ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും സപ്ലൈകോ പറയുന്നു

Related Posts

Leave a Reply