കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷബ്‌ന ബി കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നടപടി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിനിടെയാണ് നടപടിക്കാസ്പദമായ സംഭവം.
ഷബ്‌ന ബി കമാലിനെ എക്‌സിബിഷന്‍ ഹാള്‍ ഡ്യൂട്ടിക്കും ജ്യോതി ജോര്‍ജിനെ കോമ്പൗണ്ട് മഫ്തി ഡ്യൂട്ടിക്കും സിവില്‍ വേഷത്തിലായിരുന്നു ചുമതല. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ടു മുട്ടുമ്പോഴുള്ള സാധാരണ കുശലാന്വേഷണങ്ങള്‍ക്ക് വേണ്ടി വരുന്നതിലധികം സമയം സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ഉള്‍പ്പെടുത്ത പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഇതെന്നും നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടികാട്ടുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും അജാഗ്രതയുമാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.