പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സിബിഐ. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്താന്‍ അമ്മ പ്രേരിപ്പിച്ചുവെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുമ്പ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ അമ്മയുടെയും അച്ഛന്റെയും പ്രേരണയുണ്ടായിരുന്നതായി പറയുന്നത്. ഒന്നാം പ്രതി തന്റെ മൂത്ത മകളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അറിഞ്ഞതിന് ശേഷവും അവധി ദിനങ്ങളില്‍ മദ്യപിച്ച് വീട്ടില്‍ വരാന്‍ ഇയാളെ അമ്മ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി.
‘മാതാപിതാക്കള്‍ മക്കളെ മനപ്പൂര്‍വം അവഗണിക്കുകയും തുടര്‍ന്ന് കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയും ഉപദ്രവിക്കപ്പെടുകയുമായിരുന്നു. 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ഉപദ്രവിക്കുന്നത് അമ്മ നേരിട്ട് കണ്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഇയാള്‍ വീണ്ടും മകളെ ദുരുപയോഗം ചെയ്യുന്നത് അച്ഛനും കണ്ടു. എന്നിട്ടും മൂത്ത മകള്‍ക്കെതിരെയുള്ള ഒന്നാം പ്രതിയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, പ്രതിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു’, കുറ്റപത്രത്തില്‍ പറയുന്നു.
മൂത്ത മകളുടെ മരണത്തിന് ശേഷവും ഇളയ കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പറഞ്ഞയക്കാറുണ്ടായിരുന്നുവെന്ന നിര്‍ണായക കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ തന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്ന ഇളയകുട്ടിക്ക് ഒന്നാം പ്രതി ഉപദ്രവിച്ച കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ മനപ്പൂര്‍വമുള്ള അശ്രദ്ധ കാരണമാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞാണ് സിബിഐ കുറ്റപത്രം അവസാനിപ്പിക്കുന്നത്. സിബിഐയുടെ കുറ്റപത്രത്തില്‍ അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികളാണ്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.