India News

പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം.

പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മരിച്ചു പോയ പിതാവിന്റെ അന്ത്യ കർമങ്ങൾ നടത്തുന്നതാണ് തർക്കത്തിന് വഴി വെച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് സംഭവം. ഭിന്നാഭിപ്രായം രൂക്ഷമായതോടെ അവരിൽ ഒരാൾ മൃതദേഹം രണ്ട് ഭാഗങ്ങളായി വിഭജിച്ച് പ്രത്യേകം സംസ്‌കരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇരുവരും തമ്മിലുള്ള തർക്കം പ്രദേശത്ത് സം​ഘർഷാവസ്ഥ സൃഷ്ടിച്ചു. താൽ ലിധോര ഗ്രാമത്തിൽ 85 കാരനായ ധ്യാനി സിംഗ് ഘോഷ് ആണ് മരിച്ചത്. അദ്ദേഹത്തിൻ്റെ മക്കളായ ദാമോദർ സിങ്ങും കിഷൻ സിങ്ങും അന്തിമ ചടങ്ങുകൾ ആരു നടത്തണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സഹോദരങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രോഗബാധിതനായ പിതാവിനെ പരിചരിച്ചിരുന്ന ദാമോദർ സംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ കിഷൻ സിങും കുടുംബവും സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് താൻ അന്ത്യകർമങ്ങൾ നടത്തുമെന്ന് അവകാശപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായി വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് ഇരുവർക്കും സ്വന്തം ചടങ്ങുകൾ നടത്താൻ കഴിയുന്ന തരത്തിൽ മൃതദേഹം മുറിച്ച് പ്രത്യേകം സംസ്കരിക്കാൻ കിഷൻ നിർദ്ദേശിച്ചത്.

ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും കിഷൻ സിങ് തന്റെ ആവശ്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. മരിച്ചയാളുടെ കുടുംബാംഗങ്ങളുമായും പ്രദേശവാസികളുമായി പൊലീസ് നടത്തിയ ചർച്ചകൾക്ക് ശേഷം, കിഷൻ്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പിതാവിന്റെ സംസ്‌കാരം നടത്താൻ ദാമോദറിനെ അനുവദിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്.

Related Posts

Leave a Reply