Kerala News

വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളായ കോട്ടമുറിയിൽ 92 കാരൻ രാഘവന്റെയും ഭാര്യ 84 കാരി ഭാരതിയെയുമാണ് സ്വന്തം മകനായ ഇയാൾ സ്വത്ത് എഴുതി നൽകാത്തതിൻ്റെ പേരിൽ തീയിട്ട് ചുട്ടുകൊന്നത്. കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാൽ, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം ഇയാൾ താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേസിൽ നിർണായക തെളിവായി. മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും എന്ത് ചെയ്താലും അവര്‍ക്ക് പ്രശ്നം ആയിരുന്നുവെന്നുമാണ് പ്രതി മൊഴി നൽകിയത്. അതേസമയം, രാഘവന്റെയും ഭാര്യ ഭാരതിയുടെയും ശവ സംസ്കാരം പൂർത്തിയായി. രാവിലെ 10 മണിയോടെയായിരുന്നു മാന്നാറിലെ വീട്ടുവളപ്പിൽ ഇരുവരെയും സംസ്‌കരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക്‌ ശേഷം ഇന്നലെ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് പിതാവ് രാഘവനേയും അമ്മ ഭാരതിയെയും കൊലപ്പെടുത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

Related Posts

Leave a Reply