ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ കൊലപാതകത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ശ്രീതുവിന് പണം നൽകിയ മൂന്ന് പേരെ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു. ദേവസ്വം ബോർഡിൽ ജോലി വാഗ്താനം ചെയ്തുകൊണ്ട് ശ്രീതുവിൽ നിന്ന് പണം തട്ടിയതായി പൊലീസിന് മൊഴി ലഭിച്ചു. ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. പ്രദേശത്തെ സ്കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പടെ ശ്രീതുവിന് ഇതിനായി പണം നൽകിയിരുന്നു. കൂടുതൽ പേർ ഇവർക്ക് പണം നൽകിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
ഒരുപാട് ദുരൂഹതയുണ്ട്. വീട് വാങ്ങിത്തരാനായി ജ്യോത്സൻ ദേവീദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലിലും ശ്രീതു ആവർത്തിച്ചു. എന്നാൽ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലും കൊലപാതകത്തിൽ പങ്കില്ലെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ശ്രീതു. പല ഘട്ടങ്ങളിലായി ജോത്സ്യൻ ദേവീദാസന് പണം നൽകി. നേരിട്ടാണ് പണം നൽകിയതെന്നും ശ്രീതു മൊഴി നൽകി. വിശദ പരിശോധനയ്ക്ക് ദേവീദാസനെ ഇന്നും ബാലരാമപുരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തന്നെ കൊലപാതകവുമായി കൂട്ടിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടന്നു എന്നാണ് ദേവീദാസന്റെ പ്രതികരണം.
കൊന്നത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് അറിയേണ്ടത്. ശ്രീതുവിനോ ഇവരുമായി ബന്ധമുള്ള ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നതടക്കം കണ്ടെത്തണം.