Kerala News

വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി.

പാലക്കാട്: പാലക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതിലും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നുമാണ് വിദ്യാര്‍ത്ഥി പൊലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാൻ ഇടപെടണമെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പിടിച്ചുവെച്ചത്. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

Related Posts

Leave a Reply