ഭോപാൽ: 50 രൂപയെ ചൊല്ലിയുളള തർക്കത്തിൽ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ ഗഞ്ച്ബസോദ പട്ടണത്തിലെ കാലാ പഥർ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
50 രൂപയെ ചൊല്ലിയാണ് സുഹൃത്തുക്കളായ രാം സ്വരൂപ് അഹിർവാറും ദിനേശ് അഹിർവാറും തമ്മിൽ തർക്കമുണ്ടായത്. ആക്രമണത്തിൽ ദിനേശ് അഹിർവാറാണ് മരിച്ചത്. രാംസ്വരൂപ് ദിനേശിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ലുകൊണ്ട് തലയ്ക്കടിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് എസ്ഡിഒപി അറിയിച്ചു. രാംസ്വരൂപിനെ അറസ്റ്റ് ചെയ്തതായും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.