ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയാക്കി മാറ്റുക എന്നത് ഇന്ത്യയുടെ ദീർഘകാലമായുള്ള ഒരു ലക്ഷ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകൾ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി സർക്കാർ അഞ്ചാം തവണയും നീട്ടിയിരുന്നു. 2023 ഡിസംബർ വരെയാണ് ഈ സമയപരിധി നീട്ടിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മൂഡിസിന്റെ വിമർശനങ്ങൾ.