തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ബീച്ചിലേക്കുള്ള യാത്രകളും, കടലിൽ ഇറങ്ങിയുള്ള യാത്രകളും പൂർണമായും ഒഴിവാക്കണം എന്നും നിർദേശമുണ്ട്.
