ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ അവസാന പ്രതിക്കും കോടതി ജാമ്യം നൽകി. ഇതോടെ കേസിൽ പിടികൂടിയ 17 പ്രതികളും ജാമ്യത്തിലായി. ശരദ് ഭാസാഹിബ് കലസ്കറിനാണ് പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ബി മുരളീധര പൈയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ 2018 മുതൽ കസ്റ്റഡിയിലാണെന്നും വിധി ഉടൻ ഉണ്ടാകാൻ സാധ്യതയില്ലെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം നൽകിയത്. ഗൗരി ലങ്കേഷ് കേസിൽ 18 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതിൽ ഒരാളെ ഇതു വരെ പിടികൂടാനായിട്ടില്ല. ബാക്കിയായ 17 പേർക്കും നിലവിൽ ജാമ്യം ലഭിച്ചിരിക്കുകയാണ്.
രാജ്യത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു ഗൗരി ലങ്കേഷിന്റേത്. 2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് താൻ നടത്തിക്കൊണ്ടിരുന്ന പത്രമായ ‘ലങ്കേഷ് പത്രികെ’യുടെ ഓഫിസിൽ നിന്ന് ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് എത്തിയ ഗൗരി ലങ്കേഷിനെ അക്രമികൾ വെടിവെച്ചു കൊലപെടുത്തിയത്.