തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന് മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യംനിലച്ചുവെന്ന് വിഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന് തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന് തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു.